ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍, കുറ്റിപ്പുറം ബ്ലോക്കിലാണ് ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇരിമ്പിളിയം വില്ലേജ് പരിധിയില്‍പെടുന്ന ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിന് 20.49 ചതുരശ്ര കിലോ മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 17 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് മൂര്‍ക്കനാട് പഞ്ചായത്ത് , പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ പഞ്ചായത്ത്, തെക്ക് പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ, പരുതൂര്‍, ആനക്കര പഞ്ചായത്തുകള്‍ , വടക്ക് എടയൂര്‍ , മൂര്‍ക്കനാട് പഞ്ചയാത്തുകള്‍, വളാഞ്ചേരി മുന്‍സിപാലിറ്റി , പടിഞ്ഞാറ് വളാഞ്ചേരി മുന്‍സിപാലിറ്റി, കുറ്റി പ്പുറം പഞ്ചായത്ത് എന്നിവയാണ്, 1962 ലാണ് ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. തൂതപ്പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്ത് സ്ഥിതി ചെയ്യുന്ന ഇരിമ്പിളിയം പഞ്ചായത്ത് പ്രധാനമായും ഒരു കാര്‍ഷിക മേഖലയാണ്. നെല്ല്, കപ്പ തുടങ്ങിയ ഭക്ഷ്യവിളകളും അടക്ക, നാളികേരം, കുരുമുളക് തുടങ്ങിയ നാണ്യ വിളകളും ഇവിടുത്തെ പ്രധാന കൃഷികളാണ്. ഉയര്‍ന്ന പ്രദേശം, ചെരിഞ്ഞ പ്രദേശം, താഴ്ന്ന സമതലം, ചതുപ്പു നിലം എന്നിങ്ങനെ ഇരിമ്പിളിയം പഞ്ചായത്തിനെ ഭൂപ്രകൃതി അനുസരിച്ച് നാലായി തലം തിരിക്കാം. മൊത്തം വിസ്തൃതിയുടെ 28% ഉയര്‍ന്ന പ്രദേശമാണ്. അതില്‍ തന്നെ ഭൂരിഭാഗവും മണ്ണില്ലാത്ത വെട്ടുകല്ലു പ്രദേശമാണ്. കൂടുതല്‍ ഭൂവിഭാഗവും ചെരിഞ്ഞ പ്രദേശത്തിലാണുള്പ്പെടുന്നത്. ഇവിടങ്ങളിലാകട്ടെ അധികമായും തെങ്ങാണ് കൃഷി. ചുരുക്കം ചില പ്രദേളങ്ങളില് കയ്പ, ഇഞ്ചി തുടങ്ങിയ ഹ്രസ്വ കാല വിളകളും നടന്നു വരുന്നുണ്ട്. കളിമണ്ണ് കലര്‍ന്ന ചെളിമണ്ണാണ് ഈ പ്രദേശത്ത് കൂടുതലായും കണ്ടുവരുന്ന മണ്ണിനം.
സാമൂഹ്യ സാംസ്കാരിക ചരിത്രം
ജന്മി കുടിയാന് സമ്പ്രദായത്തിലധിഷ്ഠിതമായ സാമൂഹ്യ വ്യവസ്ഥയായിരുന്നു പണ്ടുകാലത്ത് ഇവിടെയും നിലനിന്നിരുന്നത്. കുടിയൊഴിപ്പിക്കല്‍ നിരോധന നിയമവും, കേരള ഭൂപരിഷ്കരണ നിയമവും ഈ പ്രദേശത്തിന്റെ കാര്‍ഷിക മേഖലയിലും സാമൂഹ്യ സാസ്കാരിക മേഖലയിലും വമ്പിച്ച മുന്നേറ്റത്തിന് കാരണമായി. ദേശീയ പ്രസ്ഥാനത്തിലും, സ്വാതന്ത്ര്യ സമരത്തിലും ധീരോദാത്തമായ പോരാട്ടങ്ങള്‍ക്ക് ആളും അര്‍ത്ഥവും നല്കി സഹകരിക്കുകയും സഹായിക്കുകയും ചെയ്ത പല മഹത് വ്യക്തികളും ഈ പ്രദേശത്തുണ്ടായിരുന്നു. സ്വാതന്ത്ര്യ സമരത്തോടൊപ്പം രൂപമെടുത്ത കര്‍ഷക പ്രസ്ഥാനത്തിലും അധ്യാപക പ്രസ്ഥാനത്തിനും ഗണ്യമായ പിന്തുണ ലഭിച്ച പ്രദേശമായിരുന്നു ഇവിടം. അയിത്താചരണത്തിന്റെ തിക്തഫലങ്ങൾ അനുഭവിച്ച നിരവധി പിന്നോക്ക കുടുംബങ്ങൾ ഇവിടെയുണ്ടായിരുന്നു. ക്ഷേത്രപ്രവേശനത്തിനു വേണ്ടി നടന്ന പോരാട്ടങ്ങൾക്കും ഈ ഗ്രാമം സാക്ഷ്യം വഹിച്ചിട്ടുണ്ട്. സ്വകാര്യക്ഷേത്രമെന്ന പരിവേഷം നിലനിർത്തി, കൊടുമുടി ക്ഷേത്രത്തിൽ അവർണ്ണ ജാതിക്കാർക്ക് ഏറെക്കാലം പ്രവേശനം നിഷേധിച്ചിരുന്നു. 1968-ൽ മാത്രമാണ് ഒരു ജനകീയ മുന്നേറ്റത്തിന്റെ ഫലമായി ഈ ക്ഷേത്രത്തിൽ അവർണർക്കു കൂടി പ്രവേശനം ലഭിച്ചത്. പുരാതനകാലം മുതൽ തന്നെ സാക്ഷരതയുടെ കാര്യത്തിൽ ഈ പ്രദേശം സമീപപ്രദേശങ്ങളെയപേക്ഷിച്ച് മുന്നിലായിരുന്നു. മുന്നോക്ക-പിന്നോക്ക-ധനിക-ദരിദ്ര വ്യത്യാസമില്ലാതെ തന്നെ എഴുതുവാനും വായിക്കാനുമുള്ള അറിവും പണ്ടുമുതലേ ഇവിടുത്തുകാർക്കുണ്ടായിരുന്നു. വീട്ടെഴുത്തച്ഛൻ സമ്പ്രദായം സാമ്പത്തിക ശേഷിയുള്ള വീടുകളിൽ നിലനിന്നിരുന്നു. 1910-കളിൽ ഈ പ്രദേശത്തെ ഏക വിദ്യാലയമായിരുന്നു വാണിവിലാസം സ്കൂൾ. നല്ല നിലയില്‍ പ്രവർത്തിച്ചുകൊണ്ടിരുന്ന വിജ്ഞാനപ്രദായിനി ഗ്രന്ഥാലയവും വിവിധ കായിക-കലാസമിതികളും ഈ പ്രദേശത്തെ സാംസ്കാരികമുന്നേറ്റത്തിനു കളമൊരുക്കി. വൈദ്യശുശ്രൂഷാ രംഗത്ത് പണ്ടുമുതലേ ഈ ഭൂപ്രദേശം പേരുകേട്ടതായിരുന്നു. നൂറ്റാണ്ടുകളായി വൈദ്യം തൊഴിലായും സേവനമായും അനുഷ്ഠിച്ച് വന്നിരുന്നതും, വളരെ പ്രശസ്തരായ സംസ്കൃതപണ്ഡിതന്മാർ ഉണ്ടായിരുന്നതുമായ ഒരു മുസ്ളീം കുടുംബം തന്നെ ഈ പ്രദേശത്തുണ്ട്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി 1921-ൽ നടന്ന മലബാർ കലാപം ജന്മിത്വത്തിനെതിരായ കർഷകസമരമായാണ് തുടങ്ങിയതെങ്കിലും ഈ പ്രസ്ഥാനത്തിന് ചില സ്ഥലങ്ങളിൽ വർഗീയതയുടെയും കൊള്ളയുടെയും രൂപം കൈവരികയുണ്ടായി. ഇത്തരം അനിഷ്ടസംഭവങ്ങൾ ഈ ഗ്രാമത്തിലുള്ള ചില കുടുംബങ്ങൾക്കും നേരിടേണ്ടി വന്നപ്പോൾ പ്രസ്തുത കുടുംബങ്ങളെ സംരക്ഷിക്കുന്ന ചുമതല ഏറ്റെടുത്തത് പെരിങ്ങാട്ട് തൊടി അഹമ്മദ്കുട്ടി വൈദ്യർ, കാളിയത്ത് ബീരാൻ, പള്ളിയാലിൽ ആലു, തെക്കിഞ്ചരി മൊയ്തീൻകുട്ടി തുടങ്ങിയ മുസ്ളിംപ്രമുഖരായിരുന്നു. ഖിലാഫത്തിനോടനുബന്ധിച്ചു ബ്രിട്ടിഷ് പട്ടാളത്തിന്റെ ആക്രമണത്തിന്റെ കുന്തമുന മുസ്ളീംവിഭാഗത്തിനെതിരെ തിരിഞ്ഞപ്പോൾ, മുസ്ളീം സഹോദരന്മാരെ സഹായിക്കുന്നതിന് ഹിന്ദുവിഭാഗത്തിൽപെട്ട ഗോവിന്ദമാരാരെ പോലെയുള്ള ആളുകൾ തന്നെയാണുണ്ടായിരുന്നത്. ആ കാലഘട്ടത്തിലെ ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നത്, പ്രതികൂല സാഹചര്യങ്ങളിൽ പോലും മതസൌഹാർദ്ദത്തിന്റെ കൈത്തിരിവെട്ടങ്ങൾ ഏറ്റെടുക്കാൻ ജാതിമതഭേദമെന്യേ, ആളുകൾ മുന്നോട്ടു വന്നുവെന്നാണ്. 1961 ഡിസംബർ 31-ഓടു കൂടി മലബാർ ഡിസ്ട്രിക്ട് ബോർഡ് ഇല്ലാതാവുകയും, അന്നു ഡിസ്ട്രിക്റ്റ് ബോർഡിന്റെ ഭാഗമായിരുന്ന ഇരിമ്പിളിയം, വലിയകുന്ന് അംശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് 1962ൽ ഇരിമ്പിളിയം പഞ്ചായത്ത് നിലവിൽ വന്നു. കിഴക്കും, തെക്കും ഭാഗങ്ങൾ തൂതപ്പുഴയും ഭാരതപ്പുഴയും അതിരിട്ടൊഴുകുന്ന കാർഷിക പ്രധാനമായ ഒരു പഞ്ചായത്താണ് ഇരിമ്പിളിയം. പ്രധാന കൃഷികൾ നെല്ല്, തെങ്ങ്, കവുങ്ങ് എന്നിവയാണ്. പുഴയോരത്ത് പലയിടത്തും പച്ചക്കറി കൃഷിയും വാഴകൃഷിയുമുണ്ട്. മലബാറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഹരിജൻ ക്ഷേത്രമായ കണക്കർക്കാവ് ഈ ഗ്രാമത്തിലാണ് . ഈ ക്ഷേത്രത്തിലെ പൂജാദികർമ്മങ്ങൾ നടത്തുന്നത് ഹരിജനങ്ങളാണ് . കുംഭമാസത്തിലെ. കൊട്ടിക്കുളിയും മേടമാസത്തിലെ പൂരവുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. കൃഷിയെയും സാമൂഹ്യമാറ്റത്തെയും പുരോഗമനാശയങ്ങളെയും ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ നാടകങ്ങളിലൂടെ എത്തിക്കാൻ നേതൃത്വം നൽകിയ എം.പി.വേലു, ദാമോദരൻ മാസ്റ്റർ മങ്കേരി, കൊടുമുടി രാമചന്ദ്രൻ മാസ്റ്റര്‍, മരക്കാർ മൌലവി എന്നിവരെ ഈ നാട് എക്കാലവും സ്മരിക്കുന്നു. കണക്കർക്കാവ്, കൊടുമുടിക്കാവ്, പറമ്പത്തുകാവ് എന്നീ അമ്പലങ്ങളിലെ വേലപൂരങ്ങളും കോട്ടപ്പുറം, കൊടുമുടി, പുറമണ്ണൂർ എന്നിവിടങ്ങളിലെ ആണ്ടുനേർച്ചയും ഈ ഗ്രാമത്തിന്റെ പ്രധാന ഉത്സവങ്ങളാണ്. വോളിബോളിന്റെ ഈറ്റില്ലമായി എക്കാലവും ഇരിമ്പിളിയം ഗ്രാമം അറിയപ്പെട്ടിരുന്നു. വിജ്ഞാനപ്രദായിനി വായനശാല, വലിയകുന്ന് ഗ്രാമീണ വായനശാല എന്നിവയാണ് ആദ്യ ഗ്രന്ഥാലയങ്ങൾ.